നാട് നന്നാക്കാനിറങ്ങി നാറാണത്ത് ഭ്രാന്തനെപ്പോലെ ആയ എന്റെ ഒരു സുഹൃത്ത് ഒരിക്കലെന്നോട് പറഞ്ഞു
" ഈനാട് നന്നാകില്ല പക്ഷേ നാട് നന്നാക്കാനിറങ്ങിയ ഞാനെങ്കിലും നന്നാകുമായിരുന്നെങ്കില്‍!!"
അദ്ദേഹം പറഞ്ഞത് വളരെ കൃത്യമായിരുന്നു.പൊതുപ്രവര്‍ത്തനത്തിറങ്ങിയ എന്റെ ആ പഴയ ആസുഹൃത്ത് എനിക്ക് വലിയൊരു പാഠമാണ് നല്‍കിയത് "നാടല്ല നന്നാകേണ്ടത് നാമെന്ന ഞാനായിരുന്നു" എന്നായിരുന്നു ആപാഠം.
ഇന്ന് നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരിലധികവും (എല്ലാവരും അങ്ങിനെയെന്നല്ല) മുഖാവരണമണിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാല്‍ അസത്യമാകില്ല.നാട് നന്നാക്കാനിറങ്ങിയ പലരും കീശ നന്നാക്കിയ ചരിത്രമാണല്ലോ ഇന്ന് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
പരിഷ്‌കൃതലോകത്ത് പരിഷ്‌കാരികളെന്നവകാശപ്പെടുന്ന നമ്മുടെ മൂക്കിന് താഴെ നടക്കുന്ന പലകാര്യങ്ങളും പരിഷ്‌കാരത്തിന്റെ അയലത്ത് പോലും എത്തുന്നില്ലാ എന്നതല്ലെ സത്യം . ജീര്‍ണിച്ച നാട്ടുനാടപ്പുകളില്‍ പലതും പരിഷ്‌കൃത സമൂഹത്തിന്റെ മടിത്തട്ടില്‍ ഇന്നും ഒഴിയാബാധയായി ഒളിച്ചിരിക്കുന്നു.
കേരളത്തിന്റെ പലദേശങ്ങളിലും നാട്ടാചാരങ്ങളുടെ വലയില്‍ കുടുങ്ങി നട്ടം തിരിയുന്ന അനേകം ചെറുപ്പക്കാര്‍ ചെറുത്ത് നില്‍ക്കാനാകാതെ എല്ലാം സഹിച്ച് ഒരു അറവ് മാടിനേപ്പോലെ കഴുത്ത് നീട്ടിക്കൊടുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.ഇതിന്റെ ഇരകളായി തീര്‍ന്നവരിലധികവും പ്രവാസികളായിരുന്നു എന്നതാണ് വസ്തുത.
നേര്‍ച്ചപ്പള്ളിയില്‍നിന്ന് കഴുത്തിലൊരു സഞ്ചിയും തൂക്കി കയറൂരിവിട്ട മുട്ടനാടിനെപ്പോലെ ദേശാടനം നടത്തി കിട്ടുന്ന ചപ്പുംചവറുകളും ഭക്ഷണമാക്കി അങ്ങാടിക്കൂട്ടങ്ങളെപ്പോലെ അന്തിയുറങ്ങി തെരുവോരങ്ങളിലെ പീഡനങ്ങള്‍ സഹിച്ച് സഹതപിക്കുന്നവരുടെ സംഭാവനകള്‍ സ്വീകരിച്ച് സ്വദേശത്തേക്ക് പരിക്കൊന്നും കൂടാതെ തിരിച്ചെത്തിയാലും സഞ്ചിയിലെ പണമെണ്ണിനോക്കി തന്റെ ഇറച്ചിയില്‍ പുരട്ടാനുള്ള ഉപ്പും മുളകും വാങ്ങുന്ന പരിഷ്കാരിയായ മനുഷ്യാ നീ നേര്‍ച്ചാടിനോട് കാണിക്കുന്നതും പ്രവാസത്തിന്റെ വിരഹങ്ങളില്‍ മനം നൊന്തിരിക്കുന്ന ദേശത്തിന്റെ സ്പന്ദനമറിയാന്‍ നാളുകളെണ്ണുന്ന പ്രവാസികളോട് കാണിക്കുന്നതും കശാപ്പുകാരന്റെ പുഞ്ചിരിയാണെന്നറിയാമായിരിന്നിട്ടും പ്രതികരണശേഷി നഷ്ടപ്പെട്ടുപോയത് ഞങ്ങളുടെ ശബ്ദത്തില്‍ മാത്രം ആശ്വാസം കൊള്ളുന്ന ഇണക്കിളികള്‍ നിങ്ങളുടെ കൂട്ടില്‍ സുരക്ഷിതരാണെന്ന?? തിരിച്ചറിവാകും.
പ്രവാസത്തിന്റെ ഉത്ഭവ കാലം തൊട്ടെ പ്രവാസികളോടും അവരുടെ സംരക്ഷണത്തില്‍ കഴിയുന്നവരേയും ആധാരമാക്കി പല കുറിപ്പുകളും നമുക്കിടയില്‍ ചലനമുണ്ടാക്കാതെ പരിഹാസപൂര്‍വ്വം കടന്ന് പോയി. ഇതില്‍ പ്രധാനമായും മുഴച്ച് നില്‍ക്കുന്നത് കത്തുപാട്ടുകളായിരുന്നു. പ്രവാസിയുടെ കിന്നാരാങ്ങളെ മഞ്ഞപുതപ്പിച്ച് ഈണം കെടുത്ത പ്രവാസികളും വിരളമല്ല. ശക്തമായ ഒരുനേതൃത്തത്തിന്റെ അഭാവത്തില്‍ ചിന്നിച്ചിതറിയ പ്രവാസികളുടെ സംരക്ഷണാര്‍ത്ഥം രൂപംകൊണ്ട പല വേദികളും താന്‍പോരിമകൊണ്ട് തകരുകയും കോരന് കഞ്ഞി കുമ്പിളിലെന്ന പോലെയായിത്തീരുകയും ചെയ്തു.
ഇന്ന് പ്രവാസച്ചൂടില്‍ നിന്ന് അല്‍പമൊരാശ്വാസത്തിന്ന് നാട്ടിലേക്ക് ചേക്കേറാമെന്ന് കരുതുന്നവര്‍ മാമൂലുകളുടെ എണ്ണപ്പെരുപ്പത്തില്‍ കീശകാലിയാകുന്നത് കാരണം ലീവ് ചുരുക്കി സ്ഥലം കാലിയാക്കുകയാണെന്ന് പറയുന്നതായിരിക്കും ശരി.നിത്യ ചിലവുകള്‍ കഴിച്ച് ബാക്കിവരുന്ന മിച്ചമായ തുക കൊണ്ട് ആരൊക്കെയാണ് സംതൃപ്തരാക്കേണ്ടത്?
കെട്ടിച്ച് പേരക്കിടാവായ പെങ്ങളുടെ പേരക്കിടാവിന്റെ കടിഞ്ഞൂല്‍ പ്രസവം വരെ ലിസ്റ്റിലുണ്ടാവും. "പേറ്" വര്‍ഷത്തില്‍ ഒന്നെന്ന് കണക്കാക്കിയാലും അതിനെ ചുറ്റിപ്പറ്റിയുള്ള മാമൂലാണ് ഭയാനകം(ലജ്ജാവഹം എന്നാണ് പറയേണ്ടത്)ഓക്കാനം തുടങ്ങിയാല്‍ പിന്നെ മൊബൈല്‍ മണിയടിക്കുകയായി അടിച്ച മണി മിസ്കോളായിരുന്നാലും തിരിച്ച് വിളിക്കേണ്ടത് പ്രവാസികളുടെ കടമയാണല്ലോ. തിരിച്ച് വിളിക്കുമ്പോള്‍ ആവശ്യങ്ങളുടെ അല്ല്ല അനാവശ്യങ്ങളുടെ നീണ്ട പട്ടിക തന്നെ കിട്ടും കൂട്ടത്തില്‍ എട്ടാം മാസത്തില്‍ കൂട്ടികൊണ്ടരാനുള്ളതാണെന്ന മുന്നാറിയിപ്പും.
ഈ അടുത്തകാലത്ത് എന്റെ ഒരു സുഹൃത്ത് വീട്ടിലുള്ള പ്രാരാബ്‌ദങ്ങളും വിഷമങ്ങളും പറഞ്ഞകൂട്ടത്തില്‍ പ്രസവത്തിന്നും അനുബന്ധ ചിലവുകള്‍ക്കും ഒരുവര്‍ഷത്തില്‍ വന്ന കണക്കുകള്‍ അവതരിപ്പിച്ച് കഴിഞ്ഞ് അല്‍പനേരം മൗനിയായിനിന്നു. പിന്നെ തെല്ല് വിഷമത്തോടെ തുടര്‍ന്നു "വല്യത്താത്തന്റെ നാത്തൂന്റെ കുട്ടിന്റെ മുട്യാള്‍ച്ചിലാണേലോ അടുത്ത ഞായറാഴ്ച, ഇത്താത്തന്റെ കുട്ടിക്ക് അന്നത്തെകാലത്ത് അരപവനാ അവര് കൊടുത്തത് ഇന്ന് ഒരുപവനില്‍ കുറയാതെ കൊടുക്കണം അല്ലാഞ്ഞാല്‍ താത്ത പോകൂലെലോ എനിക്കേതായാലും കുട്ടികളില്ല ഇവിടെകിടന്ന് നരകിക്കുന്നത് കാരണം അതിനുള്ള സമയംകിട്ടീട്ടുല്ല്യ.." കാശ് കടം ചോദിക്കാനാണ് ഇഷ്ടന്റെ പരുപാടിയെന്ന് മനസിലാക്കിയഞ്ഞാന്‍ ഇടയ്ക്ക് കയറി സമൂഹത്തില്‍ ഇത്തിക്കണ്ണിപോലെ പടര്‍ന്ന് പിടിച്ച മാമൂലുകളെ പറ്റി നീണ്ട ഒരു പ്രസംഗം തന്നെ നടത്തി. എല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ട് ആര്‍ഭാടങ്ങള്‍ക്കും അനാവശ്യത്തിന്നും തന്റെ യവ്വനം ബലികഴിച്ച സങ്കടത്തില്‍ പുതിയൊരു തീരുമാനവുമായി എന്നോട് സലാം പറഞ്ഞിറങ്ങി. തെല്ലൊരാശ്വസത്തോടെ ഞാന്‍ നടത്തിയ ആദര്‍ശ പ്രസംഗത്തിന്റെ ഉള്‍കാമ്പുകളിലെ സത്യത്തെ പുകഴ്‌ത്തിക്കൊണ്ടിരുന്നു. ഒരാളേയെങ്കിലും എന്റെ ചിന്തകളിലേക്കടുപ്പിക്കാനായല്ലോ.ഒപ്പം ഒരു കിട്ടാകടം ഒഴിവാക്കുവാനുമായി.
ദിവസങ്ങള്‍ കഴിഞ്ഞു . സുഹൃത്തിന്റെ ബന്ധുവിന്റെ മുടികളയല്‍ ഞായറാഴ്ചകഴിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുണ്ട് .അത്യാവശ്യ വീട്ടു സാധനങ്ങളുമായി ഞാന്‍ വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്പോഴാണ് സുഹൃത്തിന്റെ പിന്നില്‍ നിന്നുള്ള വിളി കേട്ടത്. പരിഭ്രമവും നിരാശയുമായിരുന്നു അവന്റെ മുഖത്ത് ഞാന്‍ കണ്ടത്. ആശ്വസ വാക്കുകള്‍ പുറത്തെടുക്കുന്നതിന്റെ മുന്‍മ്പേ ഒരുമിനുട്ട് സംസാരിക്കാനായി എന്റെ മൊബൈലവന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു .പരിഭ്രമിച്ച അവന്റെ മുഖഭാവം കണ്ട് ഞാന്‍ മറുത്തൊന്നും പറഞ്ഞതുമില്ല ചോദിച്ചുമില്ല. അല്‍പം മാറിനിന്ന് അവന്‍ സംസാരം തുടരുകയാണ്.ഒരുമിട്ട് പത്ത് മിനുട്ടും മുപ്പത് മിനുട്ടും കഴിഞ്ഞു ആകെയുണ്ടായിരുന്ന 95 റിയാലും കഴിഞ്ഞാണ് ഇഷ്ടന്‍ മൊബൈല്‍ തിരിച്ച് തന്നത്. അമ്പരപ്പോടെ അവന്റെ മുഖത്ത് നോക്കിയ എന്റെ മുഖത്ത് നോക്കി കെന്‍ഞ്ചുകയായിരുന്നു അവന്‍ "ഒരഞ്ഞൂറ്" റിയാലിന്ന് വേന്‍ണ്ടി. യാന്ത്രികമായി നീട്ടിക്കൊടുത്ത അഞ്ഞൂറുമായി ബാക്കിപറയാതെ കുഴലൂത്ത് കാരന്‍* ലക്ഷ്യമാക്കി ഓടുകയായിരുന്നു അവന്‍.
ദിവസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും ഞങ്ങള്‍ കണ്ട് മുട്ടുന്നത്. എന്റെ ആദര്‍ശപ്രസംഗം കേട്ട് നഷ്ടമായ സംഖ്യയുടെ കണക്ക് പറയാനാണ് ഇത്തവണ അവനെന്നെതേടിയെത്തിയത് . മുടികളയുന്നതിന്ന് കാശയക്കാത്തതിന്റെ പേരില്‍ ഇത്താത്തക്ക് മുനമ്പത്ത് ബീവിയുടെ ഉറുക്കില്‍ മാറിക്കിട്ടിയ ‘കുറുക്കന്‍കൊണക്കട് ‘ വീണ്ടും തുടങ്ങിയതിനാല്‍ തിരൂരിലെ ഫകീര്‍പ്പാപ്പയുടെ മന്ത്രത്തിന് മാത്രം ചിലവായത് 3000 രൂപയായിരുന്നു.പോരാത്തതിന്ന് ഏത് കള്ള വഹാബി യുടെ കൂടെയാണ് ന്റമോന്‍ കൂടീതെന്ന പറഞ്ഞ് ഉമ്മ കരഞ്ഞപ്പോള്‍ ആകരച്ചില്‍ നിര്‍ത്താന്‍ മാത്രം 100 റിയാല്‍ ടെലിഫോണ്‍ ബൂത്തില്‍ ചിലവായതും അസുഖം കാരണം ഇത്താത്തക്ക് കൊടുക്കാന്‍ കഴിയാതെ പോയ ഒരു പവന്‍ ഭാര്യയുടെ മോതിരം ഊരിക്കോടുക്കാനുള്ള സമ്മതം നേടിയെടുക്കാന്‍ സംസാരിച്ച വക 65 റിയാലും.!! പിന്നെ നിന്റെ മൊബൈലില്‍ നിന്ന് വിളിച്ചതിന്റെ കണക്ക് അന്നത്തെ തിരക്കില്‍ നോക്കാന്‍ കഴിഞ്ഞതുമില്ല നീതന്ന 500 റിയാലില്‍ ഇനി 20 റിയാല്‍ ബാക്കിയുണ്ട് അത് വൈകാതെ ഞാന്‍ എത്തിച്ച് തരട്ടോ..!!
വര്‍ഷം നാല് കഴിഞ്ഞു ഞാനും സുഹൃത്തും പലവട്ടം കണ്ടു പക്ഷെ എന്റെ അഞ്ഞൂറിനെ മാത്രം കാണാനായില്ല. എങ്കിലും ആദര്‍ശത്തിന്റെ ഒരഞ്ഞൂറായി ഞാന്‍ ഇന്നും ആ അഞ്ഞൂറിനെ സ്മരിക്കുകയും നാട്ടാരെ നന്നാക്കാതെ സ്വയം നന്നാകാന്‍ തീരുമാനിക്കുകയും ചെയ്തു.
“ആദര്‍ശം പറയാന്‍ എളുപ്പമാണ് പ്രാവര്‍ത്തികമാക്കാന്‍ പ്രയാസവുമാണ് അതുകൊണ്ടായിരിക്കും സ്ത്രീധനം പോലത്തെ മഹാമാരി നമുക്കിടയില്‍ നിന്നും തുടച്ച് നീക്കാന്‍ കഴിയാത്തത്“.
* കുറുക്കന്‍കൊണക്കട്;- ഉദ്ധിഷ്ടകാര്യങ്ങള്‍ സക്ഷാല്‍കരിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചില സ്ത്രീകളില്‍ കണ്ട് വരുന്ന കൂക്ക് വിളിയാണ് ഈ അസുഖം.ഇതിന്ന് ചികില്‍സയില്ല. ആകെയുള്ളത് ഉറുക്കും മന്ത്രവും ഹോമവും ഏലസ്സു മൊക്കെയാണ്.
* കുഴലൂത്തുകാരന്‍ :- കുഴല്‍ പണമിടപാടുകാരന്‍.
